Monday, January 16, 2017

Malayalam Long Poem 009. Kaalam Jaalaka Vaathilil. Full Book. P.S.Remesh Chandran





കാലം ജാലക വാതിലിലു്: മലയാളം കവിത Kaalam Jaalaka Vaathilil Malayalam Poem
Kindle eBook. LIVE. Published on April 28, 2018.
ASIN: B07CQNLHYR. Length: 47 pages.
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
https://www.amazon.com/dp/B07CQNLHYR

If you are an international reader, you can read this poem here. You needn't have installed ISM fonts in your computer.

ML 009

കാലം ജാലക വാതിലിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

 

ഒന്നു്

നീലജലത്തിന്നനന്തവിസു്തൃതി-
യിലു്നൂറ്റാണു്ടുകളായു്,
ജീവ൯റ്റെയുളു്ത്തുടിപ്പുകളു് കതിരി-
ട്ടുണരുംകണികകളായു്,

ഒഴുകിയ സൂക്ഷു്മശരീരിണികളു് ചേ൪-
ന്നൊരുമിച്ചൊന്നായി;
മനുഷ്യനെത്ര മനോഹര,നെങ്കിലു-
മെഴുതാനില്ലൊന്നും.

എ൯റ്റെനാടി൯ പുഴയുംപൂക്കളു-
മുത്സവരാത്രികളും,
നിശബ്ദമാകും വനമദ്ധ്യത്തിലെ
നീലക്കുയിലുകളും,

വിയ൪പ്പുതുള്ളിയിലു് മഴവില്ലെഴുതും
ഗ്രാമപ്പുഞു്ചിരിയും,
വിശുദ്ധ,മെത്ര വിമോഹന,മെങ്കിലു-
മെഴുതാനില്ലൊന്നും!

രണു്ടു്

നിങ്ങളു്പൊയു്മുഖമൂരുക, തെരുവുക-
ളുറക്കമുണരുന്നു;
നിങ്ങളു്കണ്ണുകളു്കഴുകുക, പുലരി-
ത്തുടുപ്പുമായുന്നു.

ഞങ്ങളു്പണിയും വയലേലകളുടെ
വസന്തരാത്രികളിലു്,
ചാട്ടവാറുകളു്ചീറ്റിയ ചോര-
ച്ചുകപ്പുപടരുന്നു.

ഞങ്ങളുറങ്ങും മണു്കുടിലുകളുടെ
മന്ദഹാസത്തിലു്,
കരഞ്ഞുവറ്റിയ കണ്ണി൯കാളിമ
തുള്ളിത്തൂവുന്നു.

നിങ്ങളു്പാദുകമൂരുക, തെരുവുകളു്
തീപ്പൊരിതുപ്പുന്നു;
അച്ഛസു്ഫടികജലാശയമ,ല്ലിതു
വിസു്തൃതമരുഭൂമി.

മൂന്നു്

ഓണപ്പുടവകളു് നമ്മുടെയോമന
ചൂടിയകാലംപോയു്,
തിരുവാതിരയൂഞ്ഞാലുമറഞ്ഞൂ
കഴുകുമരങ്ങളു്ക്കായു്.

നമ്മുടെചുക്കാനൊടിഞ്ഞു, കാലു്ക്കലെ
മണ്ണുംമറയുന്നു;
നമ്മുടെചുറ്റും നിരന്നുതോക്കുകളു്
തീമഴചൊരിയുന്നു.

ചുമലിലു്ത്തൂങ്ങിയകിഴവ൯ കൈയ്യുകളു്
ചങ്ങലയാക്കുന്നു;
കാണാതൊന്നും ചൊല്ലാതാരാ-
ണൊഴുകിനടക്കുന്നൂ?

ചുറ്റുംചിതയിലെയെരിയുംതീയിലു്
സത്യംനിങ്ങളു്കണ്ടു,
നിങ്ങളുറങ്ങിയുണ൪ന്നതുപോലൊരു
കനവായന്നുംകരുതി.

ഓ൪ക്കുക,നിത്യം കനവി൯ചിറകിലു്
ഒഴുകിനടന്നതുനിങ്ങളു്;
പിന്നിടുമോരോസീമകളുംനീ
കാലംനിശ്ചലമാകിലു്.

പണു്ടൊരുവൃദ്ധനഹങ്കാരത്താലു്
യാങ്കികളോടൊരു ചോദ്യം:
"നലു്കാമോയീ മണ്ണിനെമുഴുവ൯,
രൊക്കംകാശിനുമാത്രം?"

ഇന്നാവൃദ്ധനു സന്തോഷിക്കാം,
കുഞ്ഞുകിടാങ്ങളിലൂടെ
വാങ്ങിയതി൯ഡൃയെമാത്രവുമ,ല്ലൊരു
സംസു്ക്കാരത്തെത്തന്നെ.

നിത്യവുമിത്തിരിമത്തുപക൪ന്നാലു്
പോരുംഗാന്ധിജികൂടെ,
പിന്നാണോനട്ടെല്ലുതക൪ന്നെരി-
തീയിലു്പ്പിടയുംജനത?

അച്ഛ൯ ചെങ്കോലു്താഴേയു്ക്കിട്ടാ-
ലോടിയെടുക്കുംമകളും,
മകളുടെചെങ്കോലു് താനെയൊടിഞ്ഞാ-
ലവളെത്താങ്ങുംമകനും!

പ്രകൃതിയൊരലു്പം പ്രതികാരത്തി൯
ദാഹംതീ൪ത്തന്നേരം,
ഒഴുകിനടന്നതു നിങ്ങളു്മാത്രം
ചിന്തകളു്ചിറകുകളാക്കി.

തട്ടിത്തഴുകാ൯വന്നകരങ്ങളിലു്
മുത്തംനലു്കീനിങ്ങളു്,
ചുംബനമേകിയചുണു്ടുകളെല്ലാം
താഴിട്ടന്നവ൪പൂട്ടി.

ആ൪ത്തുചിരിച്ചൊരുനാവുകളെല്ലാ-
മരിയാനാജ്ഞകളു്നലു്കി,
കണു്ടുകരഞ്ഞൊരുകണ്ണുകളൊന്നും
കണു്ടീലിനിയൊരുതിങ്കളു്.

നാലു്


ചുള്ളിയൊടിക്കാ൯പോയവ൪ തിരികെ-
പ്പോരുന്നില്ലല്ലോ,
-പൊന്തക്കാട്ടിലവരുടെദേഹം
കഴുക൯കൊത്തുന്നു.

കാട്ടുകിഴങ്ങിനുപോയവരെവിടേ
കാണുന്നില്ലല്ലോ,
-കാടിന്നുള്ളിലു്ക്കലാപകാരികളു്
യോഗംചേ൪ന്നത്രെ!

കുടിലിലു്ക്കുഞ്ഞിനെയാക്കിപ്പോയവ൪
തിരിച്ചുചെന്നപ്പോളു്
കുടിലുകളു്കത്തു,ന്നവിടൊരു നീന്തലു്-
ക്കുളംവരുന്നത്രെ!

നാലുംകൂടിയകവലയിലാരോ
ചുവരുകളെഴുതുന്നു,
കുട്ടികളു്തെരുവിലു്പ്പാടിനടക്കു-
ന്നവരുടെസൂക്തങ്ങളു്.

മുഷ്ടിചുരുട്ടിവിളിക്കുന്നാരോ
മുദ്രാവാക്യങ്ങളു്,
വെടിയുടെയൊച്ചകളുയരു,ന്നാരോ
ചുമച്ചുതുപ്പുന്നു.

വിളക്കുറങ്ങിയവീട്ടിന്നുള്ളിലു്
നെടുവീ൪പ്പുയരുന്നു,
വിശന്നുവീണുതള൪ന്നുമയങ്ങു-
ന്നരുമക്കുഞ്ഞുങ്ങളു്.

ഓരോകുടിലിനുമോരോകഴുമര-
മുയ൪ന്നുനമ്മളു്ക്കായു്,
ഓരോകഴുവിലുമുലു്ക്കകളാകു-
ന്നോരോനക്ഷത്രം!

'കക്കയ'മീവ൯കരയുടെ മിഴിനീ൪-
പ്പുഴയിലെയൊരുകുഞ്ഞോളം;
കാലംനിശ്ചലമാകില്ലിനിയൊരു
കാലംപിന്നെവരില്ല.

അഞു്ചു്

ഞങ്ങടെയോ൪മ്മകളു് നന്നാണെങ്കിലു്
ഓ൪ക്കുന്നുണു്ടൊരു ഗാനം,
സിന്ധുവിലു് ഗംഗയിലു് യമുനയിലിന്നുമ-
തലകളു്പാടുന്നു:

"ഞങ്ങളുമില്ലാ നിങ്ങളുമില്ലാ
നമ്മളു്- നമ്മളു്മാത്രം,
നമ്മുടെതല്ലോ ഭാരത;മൊഴുകും
കണ്ണീരൊപ്പുക നിങ്ങളു്."

പാതിമറഞ്ഞൊരു പാവംദേഹം
പാടിമറഞ്ഞാഗാനം,
കാലത്തി൯തേ൪ നീങ്ങിടുമൊച്ചയി-
ലാണു്ടുകിടന്നാഗാനം.

ഒക്ടോബറുകളു് വരുമ്പോളു്മാത്രം
നിങ്ങളതോ൪ക്കുന്നു,
സാമ്രാജ്യത്വംകെട്ടിയചങ്ങല-
യണിയുംഞങ്ങളെയും.

കപ്പലിലു്വന്നൊരു സാമ്രാജ്യത്വം
വാരിയെറിഞ്ഞൊരു മുത്തും,
പവിഴവുമെല്ലാം ചെപ്പിലൊതുക്കി-
പ്പറന്നുനിങ്ങളകന്നു.

കണു്ടില്ലാരും ദില്ലീഗേറ്റുകളു്
കത്തിക്കാളിയതും,
ജാംഷഡു്പൂരിലെയുരുക്കുചൂളകളു്
കരിഞ്ഞൊതുങ്ങിയതും.

ഈദി൯ചോരമണക്കുംമണലു്പ്പു-
റങ്ങളു,മലിഗാറും
-പതഞ്ഞു പൊങ്ങുന്നോ൪മ്മയിലവരുടെ-
യന്ത്യനമസു്ക്കാരം.

തിരിഞ്ഞുനോക്കുക ചരിത്രമെഴുതിയ
ചെങ്കലു്ച്ചുവരുകളിലു്,
സുവ൪ണ്ണസിംഹാസനങ്ങളല്ല,
-ശവക്കുഴി കാക്കുന്നു.

ആറു്

ഞങ്ങളു്ചോരവാറ്റിനനയു്ക്കും
പഴനിലമൊരുനാളിലു്,
സ്വന്തമാകുമെന്നുപറഞ്ഞവ-
രെവിടെപ്പോയീനി?

ഞങ്ങളു്വയലോരങ്ങളിലെങ്ങും
വെള്ളപ്പ്രാവുകളു്ത൯,
മാനിഷാദമന്ത്രംകേളു്ക്കാ൯
കാത്തുനിന്നീനി.

തടവറകളു്നൂറായിരങ്ങളി
ലൊഴുകുംചുടുചോര,
പുഴകളു്തീ൪ക്കേ പുറത്തുനി൯റ്റെ
പാട്ടുംകേട്ടീനി.

ഭയന്നുപോയൊരുതലമുറ ശ്വാസം-
വിടാ൯ ഭയക്കുന്നു,
പടുത്തുയ൪ത്തുവതെങ്ങനെയവ൪ക്കു
പാ൪ക്കാനൊരുരാഷ്ട്രം?

ഏഴു്

നീലനിലാവും തിങ്കളു്ക്കലയും
മുഖംമിനുക്കുമ്പോളു്,
നിശ്ചലമാകും കുളത്തിലാരോ
കല്ലുകളെറിയുന്നു.

തൊടികളിലന്തിത്തിരികളു്തെളിയു്ക്കും
ഗ്രാമപ്പുളകങ്ങളു്,
-നിങ്ങളു്നിങ്ങടെ നീലക്കണ്ണാ-
ലവരെത്തഴുകല്ലേ.

കത്തുന്നണയാ,തരുണോജ്ജ്വലമൊരു
വസന്തകാലത്തി൯
പ്രതീക്ഷ;യാളിക്കത്തുന്നങ്ങി-
ങ്ങഗ്നിസു്ഫുലിംഗങ്ങളു്.

പടരുംപുതിയപ്രകാശകരങ്ങളു്
പരത്തുംചോരച്ചൂരി൯,
ശക്തിനുക൪ന്നീ നിദ്രകുടഞ്ഞെഴു-
നേലു്ക്കുകവേഗം നിങ്ങളു്.

തൂലികചൂടിയ കൈകളിലെല്ലാം
പടവാളേന്തുക നിങ്ങളു്,
ശക്തമൊരായുധമത്രേ ജീവിത-
മേന്തുകവാളായു്ക്കൈയ്യിലു്.

ജഢത്വഭാരംപേറിയ ജീവിക-
ളൊന്നൊന്നായെല്ലാം,
മണ്ണടിഞ്ഞപ്പോഴും മനുഷ്യ-
നമരത്വംനലു്കാ൯,

മഞ്ഞിലു് മഴയിലു് പ്രചണ്ഡമാരുത-
നലറുംപ്രളയത്തിലു്,
അന്യംവരാതെയോരോതലമുറ
കടന്നുകൈമാറി,

കൈയ്യിലു്ക്കിട്ടിയജീവിതമായുധ-
മാക്കിയൊരുങ്ങീനോ;
കരളിലുറച്ച കിനാവിലുരച്ചതു
മൂ൪ച്ചവരുത്തീനോ.

മഞ്ഞിനെവെട്ടാനല്ലീവാളു്,
വരിവണു്ടിനെയോങ്ങാനല്ല,
സാമ്രാജ്യത്വം കെട്ടിയുയ൪ത്തിയ
കോട്ടകളു്തട്ടിനിരത്താ൯.

നമ്മുടെമുന്നിലുയ൪ന്നുവരുന്നൊ-
രിരുട്ടി൯കോട്ടകളാകെ,
ആഞ്ഞുതക൪ത്തീ നാടി൯മോചന-
മാരംഭിക്കാറായി.

അണിയണിയായുയരട്ടെനിരന്നീ-
യാസാദി൯പുതുമന്ത്രം:
“ആയിരമായുധമല്ലാ വേണു്ടതൊ-
രായിരമാളുകളു്വേണം.

ഒന്നിച്ചൊരുമിച്ചലറിയടുത്തൊരു
വ൯തിരയായു് നാംചെന്നാലു്,
കാലത്തി൯റ്റെ മണലു്ത്തട്ടുകളിലു്
ഞാഞ്ഞൂലു്മണ്ണിലൊളിക്കും.

ഒരുചെറുകാറ്റായു് നമ്മളുയ൪ന്നൊരു
വ൯കാറ്റായു്ച്ചെന്നാലോ,
സംസു്ക്കാരത്തിരുമുറ്റമഴുക്കും
കരിയിലവിണ്ണിലൊളിക്കും.

ഒരുചുടുകാറ്റായുയരുക നമ്മളു്
കരിയിലക്കാടിനുചുറ്റും,
ഒരുവ൯തിരയായു്പ്പടരുകനമ്മള്
കളിമണു്തുരുത്തിനുചുറ്റും.”


(കാലം ജാലക വാതിലിലു് എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)


Written in: 1984
First Published: 1999
E-Book Published: 2018





കുറിപ്പു്:


സ്ഥാനമാനങ്ങളു്ക്കും അക്കാദമിക്കു് പദവികളു്ക്കും പണത്തിനുംവേണു്ടി ജനങ്ങളെയും സാമൂഹ്യപ്രസ്ഥാനങ്ങളെയും പ്രതിബദ്ധതയെയും സ്വന്തം വള൪ച്ചയു്ക്കുപയോഗിക്കുകയും എന്നിട്ടു് ഒറ്റരാത്രികൊണു്ടു് കൈയ്യൊഴിയുകയുംചെയു്ത കേരളത്തിലെ സാഹിത്യകാര൯മാരെയും കവികളെയും അഭിസംബോധനചെയ്യുന്നതാണു് 1981ലു് രചിക്കപ്പെട്ട ഈ കവിത- അവരെമാത്രം അഭിസംബോധനചെയ്യുന്നതു്. - എഡിറ്റ൪.


Dear Reader, We will soon release an audio recording of this full poem as a video in our Bloom Books Channel on YouTube. Visit us here: http://www.youtube.com/user/bloombooks/videos




'കാലം ജാലക വാതിലി'ലി൯റ്റെ പ്രകാശനം 1999ലു്' എന്ന ഒരു ലേഖനം 2013 സെപു്തംബ൪ 6നു് സഹ്യാദ്രി മലയാളത്തിലു് പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഈ കവിതാ പുസു്തകത്തി൯റ്റെ പൂ൪ണ്ണമായ പ്രസിദ്ധീകരണ ചരിത്രം അവിടെ വായിക്കാം. താഴെപ്പറയുന്ന ഭാഗങ്ങളാണു് ആ ദീ൪ഘലേഖനത്തിലുള്ളതു്.
 

1. പ്രസാധകക്കുറിപ്പു്
2. മലയാള പുസു്തക പ്രസിദ്ധീകരണ രംഗത്തു് ഒരു വഴിത്തിരിവു്
3. താഴെപ്പറയുന്ന പ്രത്യേകതകളു്കൊണു്ടു് 'കാലം ജാലക വാതിലിലു്' എന്ന കൃതിയുടെ പ്രകാശനം ശ്രദ്ധേയമായി
4. കാലം ജാലക വാതിലിലു് യാത്രതുടരുന്നു……..
5. മലയാള മനോരമ വാ൪ത്ത 1999 ഫെബ്രുവരി 12 വെള്ളി
6. മറ്റു വാ൪ത്തകളു്
7. കാലം ജാലക വാതിലി൯റ്റെ പ്രകാശനസമയത്തു് അനൗണു്സുചെയു്തിരുന്ന മറ്റു പുസു്തകങ്ങളു്
 

ഈ കൃതിയുടെ പുസു്തകരൂപത്തിലു് ഉളു്പ്പെട്ടിട്ടുള്ള മുഖവുരയും, കൂടാതെ അഡ്വക്കേറ്റു്. അമുന്തുരുത്തിമഠം ജയകുമാറെഴുതിയ രസകരമായ, അതോടൊപ്പം വിവാദപരവുമായ, 'കാലം ജാലക വാതിലിലി൯റ്റെ പ്രസിദ്ധീകരണ ഓ൪മ്മക്കുറിപ്പുക'ളും സഹ്യാദ്രി മലയാളത്തിലു് പുറകേ പ്രസിദ്ധീകരിക്കുന്നതാണു്- എഡിറ്റ൪.

This article by Adv. Amunthuruthi Madtam Jayakumar has already been published in Sahyadri Malayalam, which can be read at http://sahyadrimalayalam.blogspot.com/2018/07/089.html  


Kaalam Jaalaka Vaathilil 2nd Edition Cover


Kaalam Jaalaka Vaathilil 1st Edition Cover Front



Kaalam Jaalaka Vaathilil 1st Edition Cover Back

Malayalam Long Poem 008. Thirike Vilikkuka. Full Book. P.S.Remesh Chandran



If you are an international reader, you can read this poem here. You needn't have installed ISM fonts in your computer.

ML 007

തിരികെ വിളിക്കുക

പി. എസ്സ്. രമേശ്‌ ചന്ദ്ര൯


ഒന്ന്

കൈയ്യുംകെട്ടി നടന്നവ൪ പലരും
വിദേശ ജോലിയ്ക്കായ്,
വയലും പുരയും പണയം വെ,ച്ചവ൪
വിമാനമേറുന്നു.

ചുട്ടുപഴുത്ത മണല്ക്കാറ്റുകളുടെ
ചൂടില്ച്ചൂളാതെ,
ചെക്കുകളായവ൪ പണമെത്തിച്ചൂ
കടങ്ങള് കൈവീട്ടാന്.

നാട്ടിലെയവരുടെ ബന്ധുഗൃഹത്തിലെ
വാല്യക്കാരന്മാ൪,
വിദേശ നി൪മ്മിത വാച്ചും കെട്ടി
വാറ്റി നടക്കുന്നു.

കോട്ടിലു,മിറുകിയ കാല്സ്രായികളിലു-
മവരുടെ പൊങ്ങച്ചം,
വിളിച്ചു ഘോഷിച്ചവരുടെ പരമ
ദരിദ്ര കുലീനത്വം.



അറിയാഭാഷയിലാരോ പാടു-
ന്നതുകേട്ടവരെല്ലാം,
ആഹ്ലാദത്താലാടുന്നിരവിലു –
മാളെയുറക്കാതെ.



അപൂ൪വ്വമൊന്നോ രണ്ടോ നി൪ദ്ധന
ഗൃഹങ്ങളില് നിന്നും,
അന്യൂനം പല തലമുറ ചൊല്ലിയ
മന്ത്രം കേള്ക്കുന്നു.

ഒന്നും പാടാനില്ലാത്തവരുടെ
പേ൪ഷൃ൯ വീണകളില്,
രാപകലൊഴുകുന്നശ്ലീലാവൃത
സിനിമാ ഗാനങ്ങള്.

ഓണപ്പുല്ലുകള് പൂത്തൂ, ക്ഷണികം
കവിത കിനിഞ്ഞത്രേ,
ഒന്നും പറയാനില്ലാത്തവരുടെ
നാവി൯ തുമ്പുകളില്.

എന്നും വൈകുന്നേരം വായന
ശാലയിലില്ലിപ്പോള്,
ഇല്ലായ്മകളുടെ നിവാരണത്തിനു
യുവജന സംവാദം.

ഗ്രന്ഥപ്പുരയുടെ മൂലയില് മുരളും
വനമക്ഷികകള് പോല്
ഗാനം കേട്ടു മുഴുക്കാത്തവരൊരു
കൂട്ടം വാഴുന്നു.

ഇല്ലാനേരം തെല്ലുമവ൪ക്കൊരു
ഗ്രന്ഥം വായിക്കാ൯,
ഇന്ദ്രിയ തുരഗാതുരതയിലുരുകു-
'ന്നിരുളം' ഗ്രാമക്കാ൪.

കണ്ണിന്ടെ കറുപ്പിനു വീണ്ടും
കാളിമ കൂട്ടാനായ്,
കരളിന്ടെ നെരിപ്പോടുകളില്
കനവുകള് നീറ്റിയവ൪.

ചുണ്ടിന്ടെ ചുവപ്പിനു മീതേ
ചോപ്പു ചുരത്താനായ്,
ചതിയിലവ൪ ചങ്ങാതികളുടെ
ഹൃദയം വിലവെച്ചു.

മറഞ്ഞു പോയവ൪ മുഖത്തു ചൂടിയ
മഹത്വ ഭാവങ്ങള്,
താമരയിലയില് താളംതുള്ളും
നീ൪ത്തുള്ളികള് പോലെ.

ഓരോ നൂറ്റാണ്ടിന്ടെയുമൊടുവിലൊ-
രല്പം നില്ക്കുക നാം,
നമ്മള് പോന്ന നടപ്പാതകളുടെ
നാണം കാണാനായ്.


രണ്ടു്

ഒരിക്കല് നമ്മുടെ മു൯ഗാമികളുടെ
വിശ്രമ ഗേഹങ്ങള്
-മുറിച്ചു നഗരമുയമുയ൪ത്താ൯ നമ്മള്
വിജനാരണ്യങ്ങള്.

ഞാറ്റടി വയലു നികത്തീ നമ്മളൊ-
രുദ്യാനത്തിന്നായ്,
മുറിച്ചു കല്പ്പകമരങ്ങള് പുതിയൊരു
മൃഗാലയം പൊങ്ങാ൯.

നഗരത്തിന്ടെ നടുക്കാ നാറിയ
നാഗരികത നോക്കി,
നാണം പൂണ്ടവ നിന്നൂ നവമൊരു
നാശം കൈചൂണ്ടി.

മനുഷ്യ൪ കൊഞ്ചുന്നതുമവ൪ കുഞ്ഞു-
ങ്ങള്പോല്ക്കുഴയുവതും,
ഞരമ്പു രോഗികളവരുടെ പ്രണയ-
ച്ചേഷ്ടകള് കാട്ടുവതും,

മദിരാശ് നഗരിയിലടിഞ്ഞു കയറിയ
മിമിക്രി വിദ്വാന്മാ൪
-ചലച്ചിത്രങ്ങളിലൊരുക്കിയവയുടെ
ദ൪ശന ദൗ൪ഭാഗൃം.

ചഞ്ചലചിത്തകള് ഗ്രാമസ്ത്രീകള്
സന്ധ്യാവേളകളില്,
ചമഞ്ഞിരുന്നവ൪ കാറ്റേല്ക്കുന്നൂ
പുഴയുടെ പടവുകളില്.

കാസെറ്റ്കാമുകരൊരുങ്ങി സ്വരസുര-
തോല്സവസുഖമറിയാന്,
കാമിനിമാരേക്കാളും കാമിത-
മോരോ കാസെറ്റും.

'മ്യൂസിക്ക് മാനിയ' രോഗം ബാധിത൪
നിരവധി മനുജന്മാ൪,
ടേപ്പ് റെക്കാറ്ഡറില് രഹസ്യരതികളില്
മുങ്ങിപ്പൊങ്ങുന്നു.

യൌവ്വന വിഹ്വലതയ്ക്കും കടുത്ത
കാമോല്സുകതയ്ക്കും,
കാവ്യാവിഷ്ക്കരണം നല്കുന്നൂ
കപട കവീന്ദ്രന്മാ൪.

'കാലം മാറിപ്പോയ്‌, നി൪വ്വികാര
കച്ചവടത്ത്വരയില്,
ക൪ഷക൪ ഭൂമികള് കൈവിട്ടാവഴി
പലായനം ചെയ്തു.'

പൊഴിഞ്ഞുപോയ്പ്പല പൂക്കുല, പറവകള്
ചിത്രച്ചിറകുകളില്
ശിരസ്സു താഴ്ത്തിയിരുന്നൂ, കരിയും
കാനനഭംഗികളില്.

പാട്ടിനു പുറകേ പായുന്നവരുടെ
യാന്ത്രിക ശബ്ദങ്ങള്,
ജൈവാവിഷ്ക്കരണങ്ങളിലുണ്‍മയെ-
യാദേശം ചെയ്തൂ.

പവിത്രമാം പല പാരമ്പര്യങ്ങള്
പരിണാമോദ്ധതിയില്,
വിശുദ്ധമാം ചില വിശ്വാസങ്ങള്
വിഷയാസക്തിയതില്,

വിസ്മൃതി പൂകി;യവിശ്വാസികളുടെ
വിഹ്വല നിലവിളിയില്,
വിലീനമായ്പ്പോയ് വിശ്വാസികളുടെ
നിഗൂഢ ദ൪ശനവും.

പുല൪ച്ച മുതലേ പെയ്യാനുയ൪ന്നു
മേഘങ്ങള് നിന്നൂ,
ഉയ൪ച്ച കുറയും മലയുടെ മുകളിലൊ-
രുടഞ്ഞ സ്വപ്നം പോല്.


മൂന്നു്

ആദിമനാമൊരു കുരങ്ങനിനിയൊരു
ചുവടും ചാടാതെ,
മുട്ടും കെട്ടി, മരങ്ങളില് മടുത്തു-
മിരുന്നിരുന്നെങ്കില്,

ആലോചിക്കുക പരിണാമത്തിന്
പടവുകള് പിന്നിട്ടു
പൂ൪വ്വികനാമാക്കുരങ്ങനെങ്ങനെ
മനുഷ്യനായ് മാറും?

ഉറച്ച ശിഖരവുമതിദൂരത്തിലെ
ചില്ലക്കൊമ്പുകളും,
ചുവടും ലക്ഷൃവു,മവയ്ക്കു നടുവിലെ-
യറിയാച്ചുവടുകളും,

അനിശ്ചിതത്വവുമതിജീവിച്ചവ-
രിച്ഛാശക്തിയതാല്;
കുതിച്ചു ചാടിയ കുരങ്ങു മാനവ
കുലങ്ങള് സൃഷ്ടിച്ചൂ.

ചരിത്ര നായക൪ നായാടികളുടെ
ഗുഹാമുഖം തോറും,
ഋതുക്കളവയുടെ വരവും പോക്കും
കുറിച്ചു സൂക്ഷിച്ചു.

വസന്തകാല മരന്ദം തെരയാ൯
വനമേഘല തോറും
വലഞ്ഞ വാല്നര,രവരാണാദിയില്
വാക്കുകള് സൃഷ്ടിച്ചൂ.

പ്രകാശമൊഴുകിപ്പടരും പകലി൯
പ്രഭാത ശാന്തതയില്,
പ്രസാദ വദന൪ പൂ൪വ്വമനുഷ്യ൪
തോണികള് തുഴയുന്നു.

രാത്രിയിലനവധി താരങ്ങള്ത൯
പവിഴപ്രഭനോക്കി,
വാനനിരീക്ഷണ ശൈലത്തിന്ടെ
നിറുകയിലവ൪ നിന്നു.

ജഢചേതനകള് ഗോളങ്ങളില്നി-
ന്നനവരതം പൊഴിയും
രജതപ്രഭയില്, രഹസ്യമായാ
പറുദീസയുയ൪ന്നു.

അതുവരെയുള്ള സമസ്ത ഗുണങ്ങളു-
മുള് വാഹം ചെയ്തു,
അറിവി൯ തരുവിലൊരപൂ൪വ്വമധുഫല-
മുദയം ചെയ്യുന്നു.

യുഗങ്ങള് പൊഴിയുന്നവയുടെ പദരവ-
മുയ൪ന്നു കേട്ടില്ല,
യശസ്സു തേടിയ സേനാനികളുടെ
രണരവമിനിയില്ല.

നേരേനീണ്ടൊരു നേ൪രേഖയിലൂ-
ടരൂപിയാം കാലം
പുരോഗമിക്കു,ന്നൊരൊറ്റ ബിന്ദുവു-
മാവ൪ത്തിക്കാതെ.

ചുവരിലിരുന്നു ചിലയ്ക്കും പല്ലികള്
ദിനസാറുകളത്രേ,
ചരിത്രമറിയാക്കാലത്താഴ്ന്നവ
ചതുപ്പു വയലുകളില്.

കടന്നു പോവതു മ൪ത്തൃനുമവനുടെ
കരാളയാതനത൯
കരിമഷി പുരണ്ട ശാസ്ത്രത്തിണ്ടെ
കലികയിലേയ്ക്കല്ലോ.

നിശബ്ദ നിശ്ശൂനൃതയുടെ സ്വസ്ഥത
സ്ഫോടന ശബ്ദത്തില്,
നടുങ്ങിനില്ക്കും ന്യൂട്ട്റോണുകളുടെ
ഹിമയുഗമണയുന്നു.

കോളണികൂട്ടിക്കഴിയും കറുത്ത
കൂനനുറുമ്പുകള്ത൯,
കിടക്കമുറിയില് കുളിമുറിമുകളില്
മനുഷ്യ൪ കുടിയേറും.

കാണുക കടന്നു പോവതു മിമിക്രി-
യുഗത്തിലൂടേ നാം,
ഓ൪ക്കുക ഓ൪മ്മയില് മിന്നിത്തെളിയും
പ്രവചനവചനങ്ങള്.

'ജനനംപോലതു കരുതുക, നി൯ഗതി
മരണംപൂകുമ്പോള്;
ഹസിക്ക നീയൊരു ഹംസം പോ,ലാ-
നന്ദം പൂകുംപോല്!'

കണ്ണീ൪ വീഴ്ത്തി നനയ്ക്കരുതിനിയൊരു
കുഴിമാടം പോലും,
ക൪ത്തവൃത്തിന്നുശിരിന്നാലവ-
യൂക്ഷ്മളമാകട്ടേ.

തിരികെ വിളിക്കുക ചിറകുകള് വീശി-
പ്പറന്ന പറവകളെ!
താഴ്മയിലമരുക താരുണ്യത്തി൯
തളിരില നിനവുകളേ!!


[‘തിരികെ വിളിക്കുക’ എന്ന ഗ്രന്ഥത്തിലെ മുഖ്യ കവിത.
1994 ജൂണ്‍ 7 നു രചന പൂ൪ത്തിയായത്.]

Dear Reader, We will soon release an audio recording of this full poem as a video in our Bloom Books Channel on YouTube. Visit us here: http://www.youtube.com/user/bloombooks/videos








Malayalam Long Poem 007. Oru Thulli Veliccham. Full Book. P.S.Remesh Chandran


If you are an international reader, you can read this poem here. You needn't have installed ISM fonts in your computer.

ML 007

ഒരു തുള്ളി വെളിച്ചം

പി. എസ്സ്. രമേശ്‌ ചന്ദ്ര൯


ഒന്ന്

ഏതോ രാവി,ലൊരേതോ പൊന്മാ൯
ചുണ്ടിലെ പൊ൯മീനി൯
ചിറകിലൊളി,ച്ചൊരു പൊ൯വയല് പൂകിയൊ-
രാഫ്രിക്ക൯ പായല്.

നേരം വൈകിയൊരാള് നെല്ലറകള്
നിറയ്ക്കാ൯ കൊയ്യാനായ്,
ആളെവിളിയ്ക്കാനരമന വാതില്
തുറക്കാ,നുണരുന്നു.

പച്ചക്കിളികള് പവിഴം മുറിയാ൯
പറന്നിറങ്ങിയതോ,
പാടം മൂടിയ നീരാളം പോല്
പായല് പട൪ന്നതോ?

പാടകള് മൂടിയ കണ്ണാല്,പ്പാട-
വരമ്പില് പുതമണ്ണില്
ഇടറും പാദമുറപ്പി,ച്ചകലെ-
പ്പുതിയൊരു പൊ൯വയലി൯

സീമകള് തേടിപ്പൊ൯മാ൯ വീണ്ടും
പറന്നു പോകുവതും,
നരച്ച നൂറ്റാണ്ടുകള് നിശ്ശബ്ദം
നോക്കിക്കാണുന്നു.


രണ്ട്

ആയിരമാളുകള് തിങ്ങിക്കൂടിയ
വിദ്യാലയ മുറ്റം,
ആ൪ക്കാണവരംഗീകാരത്തി-
ന്നാടകള് ചാ൪ത്തുന്നു?

അവാ൪ഡു നേടിയൊരദ്ധ്യാപക൯റ്റെ
ചുണ്ടില്പ്പുഞ്ചിരിയും,
നെഞ്ചില്ക്കടല് കടന്നൊരു വീഞ്ഞും
പതഞ്ഞു പൊങ്ങുന്നു.

പണ്ടെ൯ കണ്ണിനു വിളക്കു കാട്ടിയ
പള്ളിക്കൂടങ്ങള്,
എങ്കിലുമവിടെയെഴുത്താണികളെ-
ന്താണു രചിക്കുന്നു?

ഒരിക്കല് ഞങ്ങളുറങ്ങും നേരം
ഗ്രാമച്ച്ചുവരുകളില്
അക്ഷരവൈരികളെഴുതു,ന്നക്ഷര-
മഗ്നിപ്പന്തങ്ങള്!

‘അതിനെയെടുക്കരു,തായുധമായതു
ചൂടാ൯ പാടില്ല’!
അദ്ധ്യാപകരുടെയാക്രോശങ്ങള്
മുഴങ്ങിയുയരുന്നു.

പിന്നീടൊരിക്കലക്ഷരവൈരിക-
ളാരാധ്യന്മാരാം
അദ്ധ്യാപക൪ വിടവാങ്ങും വേദിയു-
മുല്സവമാക്കുന്നു.

പള്ളിക്കൂടച്ചുവരുകള് പായല്-
പ്പുതപ്പു മൂടുന്നു;
വിജയാഷ്ടമികളിലെങ്ങും കാളീ-
വിലാസ നൃത്തങ്ങള്.

പറന്നു പറന്നു പോകും നീല-
ക്കാ൪മുകിലുകള് നോക്കി,
തള൪ന്നു താഴത്തിരുന്നു പിന്നില്-
പ്പതറിയ തലമുറകള്.

ചോരയുണങ്ങിയ മുറിവില്, നരച്ച
വിപ്ലവ ശാസ്ത്രത്തി൯
മൂ൪ച്ചയുരയ്ക്കും വിപ്ലവകാരിക-
ളെവിടെയിരിക്കുന്നു?

ഇന്നലെയവരുടെ പെങ്ങ൯മാരുടെ
കുഞ്ഞിക്കണ്ണുകള് ത൯,
കിനാവു കുത്തിയണച്ചവരോടൊ-
ത്താ൪ത്തു ചിരിക്കുന്നു;

ഇന്നലെയവരുടെ പിഞ്ചോമനയുടെ
കുരുന്നു കുഞ്ഞു കരള്,
കൊത്തി നുറുക്കിയ മുറ്റത്തിരുന്നു
ചീട്ടു കളിക്കുന്നു. 

കൊലയ്ക്കു കത്തിയുരച്ചവരവരുടെ
ചെമ്പ൯ കണ്ണുകളില്,
ഒളിച്ചു വെച്ചൊരു പഞ്ചാരച്ചിരി-
യിവരുടെ ചുണ്ടുകളില്.

പരിവ൪ത്തനങ്ങള് പണയം വെച്ചവ൪
പാതിരാത്രിയിലും,
കെട്ടിയുയ൪ത്തുന്നാകാശത്തില്
ചീട്ടു കൊട്ടാരം.


മൂന്ന്

ആകാശച്ചോലയില് ഞാനെ൯
വള്ളം തുഴയുംപോള്,
ആരാരോ മണ്ണില് നിന്നു
വിളിക്കുന്നയ്യയ്യോ!

നീരൊഴുകും വയലില് ഞാ൯ നെല്-
വിത്തുകള് വിതറുംപോള്,
ആരാരോ വിണ്ണി൯മൂലയില്
നിന്നു ചിരിക്കുന്നു.

ഒരുവേളയില്ഞാനെന്നുടെ കണ്ണുക-
ളെന്നില്ത്തിരിച്ചുപോയ്‌,
മണ്ണില് മനുഷ്യ൪ വാഴ്ത്തും മഹത്വ-
മന്വേഷിക്കാനായ്.

കാടുകളും കുന്നുകളും കയറിയി-
റങ്ങി,ക്കടലലകള്
കുളിരു ചുരത്തും കടലോരത്തും
തിരഞ്ഞു ഞാനുഴറി.

അറിവുകളെന്നുടെയുള്ളിലുറങ്ങു,-
ന്നാരോ മന്ത്രിച്ചു;
അനുഭവമദ്ധ്യാപകരായ്, പ്രകൃതി
പാഠപുസ്തകമായ്.

മനുഷ്യനും പരിവ൪ത്തനദാഹ-
മുറങ്ങുമവ൯റ്റെ മനസ്സും,
നിറഞ്ഞു നൂറ്റാണ്ടുകള് നീണ്ടൊഴുകിയ
നിതാന്ത ഭാവനയും,

വിശ്വമനസ്സി൯ മുന്നില് വിനീതം
മുട്ടുമടക്കുന്നു;
കവിതയിലവയുടെ ചരിത്രരചനാ
പാടവമറിഞ്ഞു ഞാ൯.


നാല്

നീലനിലാവി൯ തോണിയില് ഞാനൊരു
നീണ്ട യാത്രയ്ക്കായ്
ഒരുങ്ങി,യുരുകും വെയിലുലയി൯മേല്
തോണിയുമുരുകുന്നു.

ഏതോ ദ്രവിച്ച ദൈവം പിന്നീ-
ടമരം കാക്കുന്നു,
കൊടുങ്കാറ്റുകള് കടന്നുലച്ചെ൯
അമരം മുറിയുന്നു.

ദു:ഖം മാത്രം നുരഞ്ഞു പതയും
വിദൂരമൊരു ദ്വീപില്,
നിശ്വാസത്തി൯ കൊടിക്കൂറയാ-
ലുയ൪ത്തിയടയാളം.

എ൯റ്റെ നാവില് മുറുക്കിയ വീണ-
ക്കമ്പിയ്ക്കും മീതേ,
എന്നെത്തിരിഞ്ഞു നോക്കാതലറു-
ന്നലകടലകലത്തില്.

എ൯റ്റെ ചുണ്ടു ചുരത്തും തേനി൯
പഴക്കമറിയാതെ,
കാലത്തി൯റ്റെ കപ്പല്ക്കൂട്ടം
കടന്നു പോകുന്നു.

മുമ്പേ കടന്നു പോയവരാരോ
കാഹളമൂതുന്നു:
'മുനിഞ്ഞു കത്തുന്നജ്ഞാനത്തി-
ന്നിരുളിലുമൊരു ദീപം.'

അനുഭവമാകും ചിപ്പിയ്ക്കുള്ളില്
നിത്യമുറങ്ങുന്നോ,
ചിപ്പികള് വെട്ടിപ്പൊളിച്ചു നിശബ്ദ
മുത്തുകള് തെരയാതെ?

ചിതറിയ ചിപ്പിത്തുണ്ടുകളലക്ഷൃ-
മകലേയ്ക്കെറിയാതെ,
അവയുടെ ചിതയിലെയുലയിലുരുക്കുക
മനസ്സെന്ന സ്വ൪ണ്ണം.

അനുഭവമാകും ചിപ്പികള് കത്തി-
ജ്ജ്വലിക്കുമാഴികളില്,
മനസ്സി൯റ്റെ സംസ്ക്കരണം തന്നെ
മനുഷ്യ സംസ്ക്കാരം.

നി൯റ്റെയുമെല്ലാവരുടെയുമനുഭവ-
മതേ സമൂഹത്തി൯
അനുഭവമായും, തിരക്കിയൊഴുകിടു-
മനുഭവ ചക്രങ്ങള്

കാലഘട്ടത്തി൯റ്റെയുമനുഭവ-
മായും മാറുന്നു;
കാലഘട്ടങ്ങള് തന്നനുഭവ-
മാകുന്നു ചരിത്രം.

ആദ്യശ്വാസത്തി൯നാള് മുതല്നീ
മാറാപ്പുകളാക്കി,
ചരിത്ര സംസ്ക്കാരങ്ങള് ചുമലില്
ചുമന്നു പോകുന്നു.

വ്യക്തികളൊറ്റയ്ക്കൊറ്റയ്ക്കനുഭവ
പുഷ്പങ്ങള് തേടി,
വ്യക്തം ചുവടുകള് വെയ്ക്കും ചരിത്ര–
പശ്ചാത്തലങ്ങളില്,

കണ്ണുംന,ട്ടൊരു മിന്നാമിനുങ്ങു
മിന്നുംപോ,ലെന്നും
തുള്ളിവെളിച്ചം ചൊരിയുകയവ൪ക്കു
തമസ്സില് വഴികാണാ൯.

മടക്കി നിന്നെ വിളിയ്ക്കാ൯ മരണം
മണികള് മുഴക്കുന്നു,
മണിസ്വനം പോലൊഴുകിവരുന്നൂ
മൃത്യുത൯ നാദം.

സുഷുപ്തിയില് വിസ്മ്രുതമാം നിശബ്ദ
താഴ്-വരകള് താണ്ടി,
രഹസ്യമായ് മന്ത്രിക്കും ചെവിയില്,
നേ൪ത്തൊരു നിമിഷത്തില്:

"നി൪ത്തുക മടങ്ങിടാമിനി, നോക്കുക
നീല വിഹായസ്സില്,
നിനക്കുപകരം പാതതെളിയ്ക്കാ൯
തെളിഞ്ഞു നക്ഷത്രം."

ഒടുവില് മരവിക്കും മരണത്തി൯
തണുത്ത ഗുഹാമുഖം,
തുടങ്ങിടുന്നൂ ജീവ൯ പുതിയൊരു
പ്രവ൪ത്തനശ്ശൈലി.

പരസ്പരം പോരാടിയ മഹദ്-
വികാരങ്ങള് മൌനം;
നി൯റ്റെ പ്രതിഛ്ഛായകളിലെ നീയും
നീയും കാണുന്നു.

മാറാപ്പുകളുടെ മീതേ നീനി൯
വിരിപ്പൊതുക്കുമ്പോള്,
ചരിത്ര സംസ്ക്കാരങ്ങള് നിന്നെ
ചുമക്കുവാനെത്തും!


കുറിപ്പ്:

‘ജലജപത്മരാജി’യെന്ന ചലച്ചിത്രത്തിനൊടുവില് കടല്ത്തീരത്തു വിജയ്‌ ശിഖാമണിയുടെ ശരീരത്തില്നിന്നും കണ്ടെടുത്ത ഡയറിയില് ഉണ്ടായിരുന്ന കവിത. ഇതോടൊപ്പമുണ്ടായിരുന്ന ദീ൪ഘമായ കഥ പുറകേ പിന്നീട് പ്രസിദ്ധീ കരിക്കുന്നതാണ്. ഈ കഥയില്, അലക്സാണ്ട൪ പോപ്പ് ത൯റ്റെ രചനകളില്ച്ചെയ്തതുപോലെ വൃക്തിനാമങ്ങളുടെ സ്ഥാനത്ത് കുറേ ഡാഷുകളല്ല ചേ൪ത്തിരിക്കുന്നത്, യഥാ൪ത്ഥ പേരുകള്തന്നെ അതേപടി കൊടുത്തിരിക്കുകയാണ്. അവ ഭേദഗതി ചെയ്തശേഷം ആ കഥയും പ്രസിദ്ധീകരിക്കുന്നതാണ്. - എഡിറ്റ൪.

Dear Reader, We will soon release an audio recording of this full poem as a video in our Bloom Books Channel on YouTube. Visit us here: http://www.youtube.com/user/bloombooks/videos